നിലമ്പൂര്: നഗരസഭയിലെ വയോജനങ്ങള്ക്ക് ബിഗ് സ്ക്രീനില് സിനിമ കാണാന് അവിസ്മരണീയമായ അവസരമൊരുക്കി നിലമ്പൂര് നഗരസഭ. വയോമിത്രം പദ്ധതിയിലെ മുന്നൂറോളം അംഗങ്ങളാണ് നിലമ്പൂര് ഫെയര് ലാന്റ് തിയറ്ററില് ഇന്നലെ പകല് 11 ഓടെ ഷോ കാണാന് എത്തിയത്. 101-ാം ജന്മദിനത്തില് സിനിമ കാണാനെത്തിയ ഏബ്രഹാം മണലേലും ജീവിതത്തിലാദ്യമായി തിയറ്ററില് സിനിമ കാണാനെത്തിയ എഴുപതുകാരി നീലിയും പ്രധാന ആകര്ഷണങ്ങളായി. നിവിന് പോളി ചിത്രമായ ബത്ലഹേം കുടുംബ യൂണിറ്റ് കണ്ട് തിയേറ്ററില് നിന്നിറങ്ങിയ വയോജനങ്ങളുടെ മുഖങ്ങളില് വലിയ സന്തോഷവും സംതൃപ്തിയും പ്രകടമായിരുന്നു. തിയറ്റര് ഉടമ സൗജന്യമായാണ് വയോജനങ്ങള്ക്കായി സിനിമാ പ്രദര്ശനം ഒരുക്കിയത്.
പ്രായത്തിന്റെ അവശതകള് മറന്ന് തികഞ്ഞ ആവേശത്തോടെയാണ് അവർ തിയറ്ററിലേക്ക് എത്തിയത്. വയോജനങ്ങള്ക്ക് മാനസിക ഉല്ലാസവും സന്തോഷവും നല്കുന്നതിനൊപ്പം നഗരസഭ എപ്പോഴും ഒപ്പമുണ്ടെന്ന സന്ദേശം നല്കാനുമാണ് സിനിമ കാണാന് അവസരമൊരുക്കിയതെന്ന് ജനപ്രതിനിധികള് പറഞ്ഞു. ചടങ്ങില് മുതിര്ന്ന പൗരന്മാരെ ആദരിക്കുകയും ചെയ്തു.
നഗരസഭാ ചെയര്പേഴ്സണ് പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന് മുസ്തഫ കളത്തുംപടിക്കല് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ഷൗക്കത്തലി കൂമഞ്ചേരി മുഖ്യസന്ദേശം നല്കി. സ്ഥിരംസമിതി അധ്യക്ഷരായ മുംതാസ് ബാബു, മേരീസ് ഷിബു, സുരേഷ് പാത്തിപ്പാറ, സോഷ്യല് ജസ്റ്റിസ് ഓഫിസര് സമീര് മച്ചിങ്ങല്, വയോമിത്രം ഡോ. അണിമ, കൗണ്സിലര്മാരായ ഫ്രാന്സിസ് അമ്പലത്തിങ്കല്, ശിഹാബ് ഇണ്ണി, ടി. ഹാജറ, ജസീല മോയിക്കല്, ഷേര്ളി മോള്, റസിയ അള്ളാമ്പാടം, ഐസിഡിഎസ് സൂപ്പര്വൈസര് നിമ്മി ഏബ്രഹാം, വയോമിത്രം ജില്ലാ കോ-ഓർഡിനേറ്റര് അബ്ദുള് അസീസ്, നഴ്സുമാരായ കെ. റസിയ, റീജ ജോര്ജ്, നവാസ ജാന് എന്നിവരും വയോജനങ്ങള്ക്കൊപ്പമുണ്ടായിരുന്നു.